24x7 Christian Channel

Category: Top Bar News Ticker

മിഗ് 29-കെ യുദ്ധവിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു; പൈലറ്റിനെ കാണാതായി

ന്യൂഡല്‍ഹി:പരിശീലനത്തിനിടെ മിഗ് 29-കെ യുദ്ധവിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു. പൈലറ്റുമാരില്‍ ഒരാളെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടം നടന്നത്.അറബിക്കടലില്‍ ഐഎന്‍എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന മിഗ് 29 കെ യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്.

കാണാതായ പൈലറ്റിനായി സേനയുടെ വിവിധ യൂണിറ്റുകള്‍ തിരച്ചില്‍ നടത്തുകയാണെന്ന് നാവിക സേന അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും നാവിക സേന പ്രസ്താവനയില്‍ വ്യക്തമാക്കി.ഈ വര്‍ഷം ഫെബ്രുവരിയില്‍ ഗോവയില്‍ പതിവ് പരിശീലനത്തിനിടെ മറ്റൊരു മിഗ് 29 കെ വിമാനം തകര്‍ന്ന് വീണിരുന്നു.

രാജ്യത്ത്​ 43,082 പേര്‍ക്ക്​ കൂടി കോവിഡ്​; രോഗബാധിതര്‍ 93,09,788

ന്യൂഡല്‍ഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 43,082 പേര്‍ക്ക് കൂടി കോവിഡ്​ ബാധിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 93,09,788 ആയി ഉയര്‍ന്നു. 492 പേര്‍ കൂടി കോവിഡ്​ ബാധിച്ച്‌​ മരിച്ചു.

ഇതോടെ ആകെ മരണം 1,35,715 ആയി ഉയര്‍ന്നു. നിലവില്‍ 4,55,555 പേരാണ്​ ചികില്‍സയിലുള്ളത്​. 87,18,517പേര്‍ ഇതുവരെ രോഗമുക്​തി നേടി. 39,379 പേരാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്​തി നേടിയത്​. തുടര്‍ച്ചയായ 20ാം ദിവസമാണ്​ കോവിഡ്​ രോഗികളുടെ എണ്ണം 50,000ത്തിനും താഴെയാകുന്നത്​.

അതേസമയം, കോവിഡ്​ വാക്​സിന്‍ പരീക്ഷണങ്ങളിലും ഇന്ത്യ അതിവേഗം മുന്നോട്ട്​ പോവുകയാണ്​. വാക്​സിന്‍ വിതരണത്തെ കുറിച്ച്‌​ ചര്‍ച്ച ചെയ്യാന്‍ പുണെ, ഹൈദരാബാദ്​, അഹ്​മദാബാദ്​ എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തും.

‘ഡല്‍ഹി ചലോ’ മാര്‍ച്ച്‌; കര്‍ഷകരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച്‌ കേന്ദ്ര മന്ത്രിമാര്‍

ന്യൂഡല്‍ഹി: കര്‍ഷക നിയമത്തിനെതിരായി പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് രാജ്യ തലസ്ഥാനത്തേക്ക് മാര്‍ച്ച്‌ ചെയ്യുന്ന കര്‍ഷകരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച്‌ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, രാജ്‌നാഥ് സിങ്. സംഘര്‍ഷാവസ്ഥ സൃഷ്ടിക്കരുതെന്നും കര്‍ഷകര്‍ ശാന്തത പാലിക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു.

പൊലീസിന്റെ ജലപീരങ്കിയും ലാത്തിച്ചാര്‍ജും ബാരിക്കേഡുകളും വകവയ്ക്കാതെ കര്‍ഷകര്‍ ദേശീയ പാതകളില്‍ തമ്ബടിച്ചിരിക്കുകയാണ്. ഡല്‍ഹി-അംബാല ഹൈവേയില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള പാനിപട്ട് ടോള്‍ പ്ലാസയിയില്‍ ഹരിയാനയില്‍ നിന്നുള്ള കര്‍ഷകരും ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ കര്‍ണാലില്‍ പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരും തമ്ബടിച്ചിരുന്നു.

മൂന്നാമത്തെ ചെറിയ സംഘം ഡല്‍ഹി-സിര്‍സ ഹൈവേയില്‍ സഞ്ചരിച്ച്‌, ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് 115 കിലോമീറ്റര്‍ അകലെയുള്ള ഹിസാര്‍ ജില്ലയിലെ ഹാന്‍സിയില്‍ എത്തി. സ്വരാജ് ഇന്ത്യ പ്രസിഡന്റ് യോഗേന്ദ്ര യാദവിനെ ഗുഡ്ഗാവിലെ ബിലാസ്പൂര്‍ ഗ്രാമത്തില്‍ വച്ച്‌ കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ട ഉച്ച കഴിഞ്ഞ്, കൃഷി മന്ത്രി തോമര്‍ പ്രതിഷേധക്കാര്‍ക്ക് അനുരഞ്ജന സന്ദേശം അയച്ചു. “പ്രശ്നങ്ങളെക്കുറിച്ച്‌ സംസാരിക്കാനും അവരുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനും” സര്‍ക്കാര്‍ തയ്യാറാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

“നമ്മുടെ കര്‍ഷക സഹോദരങ്ങളോട് പ്രക്ഷോഭം നടത്തരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ചര്‍ച്ചയ്ക്ക് നല്ല ഫലം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.”

താന്‍ ഒരു കര്‍ഷകന്റെ മകനാണെന്നും കര്‍ഷകരെ ഒറ്റിക്കൊടുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

“നിങ്ങളുടെ പ്രതിഷേധം അവസാനിപ്പിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ചര്‍ച്ചകള്‍ക്ക് ഞാന്‍ അവരെ ക്ഷണിക്കുന്നു,” സിംഗ് പറഞ്ഞു. “ഞാന്‍ പ്രതിരോധ മന്ത്രിയാണ്, പക്ഷേ ഒരു കര്‍ഷകന്റെ മകന്‍ എന്ന നിലയില്‍, ഒരു കര്‍ഷകനെന്ന നിലയില്‍, അവരെ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരോട് സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ്. ഞങ്ങള്‍ക്ക് കര്‍ഷകരെ ഒറ്റിക്കൊടുക്കാന്‍ കഴിയില്ല. ”

വ്യാഴാഴ്ച ആരംഭിച്ച ഡല്‍ഹി ചലോ മാര്‍ച്ചില്‍ നൂറുകണക്കിന് കര്‍ഷകരാണ് ട്രാക്ടറില്‍ തലസ്ഥാനത്തേക്ക് യാത്രചെയ്യുന്നത്. രണ്ടര-മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും തങ്ങള്‍ സഞ്ചരിക്കുന്ന ട്രാക്ടറുകളില്‍ കരുതിയിട്ടുണ്ടെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഡല്‍ഹിയിലെത്തിയാല്‍ സമരം എത്രദിവസം നീണ്ടാലും അവിടെ തുടരാനാണ് കര്‍ഷകരുടെ തീരുമാനം.

അയ്യായിരം ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്ക്, ഗ്യാസ് അടുപ്പ്, ഇന്‍വെര്‍ട്ടര്‍, പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം ട്രാക്ടറുകളിലുണ്ട്. കിടക്കകള്‍, പായ എന്നിവയുമുണ്ട്. കൂടാതെ, രാത്രിയിലെ തണുപ്പില്‍നിന്ന് രക്ഷപ്പെടാന്‍ ട്രാക്ടറിനെ ആകെ മൂടുന്ന വിധത്തിലുള്ള താര്‍പ്പായയും കരുതിയിട്ടുണ്ട്. ഉടനൊന്നും തിരികെ വീട്ടിലേയ്ക്ക് പോകാന്‍ ഉദ്ദേശിച്ചല്ല തങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു.

Positive SSL