24x7 Christian Channel

Author: admin

നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും; എംഎല്‍എമാര്‍ക്കെതിരെ നടപടിയുണ്ടാകുമോയെന്ന് ഇന്നറിയാം

പതിനാലം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് സമാപിക്കും. ഇന്നലെ ഷാഫി പറമ്ബിലിന് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ തടസ്സപ്പെട്ടിരുന്നു. സ്പീക്കറുടെ ഡയസില്‍ കയറി നാല് എംഎല്‍എമാര്‍ പ്രതിഷേധിച്ചിരുന്നു. സഭാ മര്യാദയുടെ ലംഘനമാണിതെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമോയെന്ന് ഇന്നറിയാം.

എംഎല്‍എയെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം. ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നാല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ നേരത്തെ പിരിയാനാണ് സാധ്യത.

ഒക്‌ടോബര്‍ 28നാണ് നിയമസഭ സമ്മേളനം ആരംഭിച്ചത്. ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനമാണ് നടന്നത്.

ന്യൂനമര്‍ദ്ദം; ഒമാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും

ന്യൂനമര്‍ദത്തിന്റെ ഫലമായി മസ്കത്ത് അടക്കം വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. ശക്തമായ ഇടിയും മിന്നലോടെയുമാണ് മഴ പെയ്തത്. ചിലയിടങ്ങളില്‍ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

മത്ര സൂഖില്‍ നൂറുകണക്കിന് കടകളില്‍ വെള്ളം കയറി. വാദികളില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങി. പൊലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും ധ്രുതഗതിയിലെ ഇടപെടലാണ് വാദികളില്‍ കുടുങ്ങിയവര്‍ക്ക് രക്ഷയായത്. മസ്കത്ത് മേഖലയിലെ ഗതാഗത സിഗ്നലുകള്‍ തകരാറിലായത് വാഹനഗതാഗതത്തെയും ബാധിച്ചു. വാഹനയാത്രികര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

നവംബര്‍ 22 വരെ ഒമാനില്‍ കനത്തമഴ തുടരും.ഒമാന്‍ തീരത്ത് കടല്‍ സാമാന്യം പ്രക്ഷുബ്ധമായിരിക്കും. തിരമാലകള്‍ ഒന്നര മീറ്റര്‍ മുതല്‍ രണ്ടര മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

വീട്ടില്‍ ഈ സൗകര്യങ്ങള്‍ ഉള്ളവര്‍ക്ക് ഇനി മുതല്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കിട്ടില്ല .കോണ്‍ക്രീറ്റ് ചെയ്തതുമായ കെട്ടിടങ്ങള്‍ ഉള്ളവര്‍ ക്ഷേമ പെന്‍ഷന് അര്‍ഹരല്ല

വീട്ടില്‍ എസിയും 1000 സിസിയില്‍ കൂടുതല്‍ ശേഷിയുള്ള കാറുമുള്ളവര്‍ക്ക് ഇനി മുതല്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭിക്കില്ല. സംസ്ഥാനത്ത് 46.9 ലക്ഷം പേര്‍ക്കാണ് ഇപ്പോള്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത്.

മികച്ച ഭൗതിക സൗകര്യങ്ങളുള്ളവരെ പെന്‍ഷന്‍ അര്‍ഹതാ പട്ടികയില്‍ നിന്നു നീക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്നലെ ധന വകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ച്‌ 2000 ചതുരശ്രയടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ളതും ആധുനിക രീതിയില്‍ ഫ്ലോറിങ് നടത്തിയിട്ടുള്ളതും കോണ്‍ക്രീറ്റ് ചെയ്തതുമായ കെട്ടിടങ്ങള്‍ ഉള്ളവര്‍ ക്ഷേമ പെന്‍ഷന് അര്‍ഹരല്ല.

അതേസമയം കുടുംബ വാര്‍ഷിക വരുമാനം കണക്കാക്കുമ്ബോള്‍ വിവാഹിതരായ മക്കളുടെ വരുമാനം കണക്കിലെടുക്കേണ്ടതില്ലെന്നും നിര്‍ദേശമുണ്ട്.

മണക്കാട്ടെ ഈസ്റ്റേണ്‍ സുനിദ്രയുടെ കിടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

മണക്കാട്ടെ കിടക്ക നിര്‍മാണ ഫാക്ടറില്‍ വന്‍ തീപിടിത്തം. ഈസ്റ്റേണ്‍ സുനിദ്രയുടെ കിടക്ക നിര്‍മ്മാണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.

ഫാക്ടറിയുടെ ഒരു ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. അഗ്നിശമന സേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രണ്ടര മണിക്കൂറോളം പണിപ്പെട്ടാണ് ഒടുവില്‍ തീ നിയന്ത്രണ വിധേയമായത്. അഗ്നിശമന സേനയുടെ നാല് യൂണിറ്റുകള്‍ തീയണക്കാന്‍ സ്ഥലത്തെത്തി. രണ്ടായിരത്തോളം കിടക്കകള്‍ കത്തി നശിച്ചെന്ന് കമ്ബനി അറിയിച്ചു.

ഫാത്തിമ ലത്തീഫിന്റെ മരണം ; ഐ.ഐ.ടിയില്‍ ചര്‍ച്ച ഇന്ന്

മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച്‌ സമരം നടത്തിയിരുന്ന ഐ.ഐ.ടി വിദ്യാര്‍ത്ഥികളുമായി ഡയറക്ടര്‍ ഇന്ന് ചര്‍ച്ച നടത്തും.

ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ചിന്താ ബാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം നടത്തിയത്. ഐ.ഐ.ടി ഡയറക്ടറുടെ അഭാവത്തില്‍ ആവശ്യങ്ങള്‍ അംഗീകരിയ്ക്കാമെന്ന ഡീനിന്റെ ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് ഇന്ന് നടക്കുക. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും സമരം ആരംഭിയ്ക്കുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എന്‍.എസ്.യു നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്നോ നാളെയോ പരിഗണിയ്ക്കും. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരു വിദഗ്ധ സമിതി വേണമെന്ന ഹര്‍ജിയും കോടതിയ്ക്ക് മുന്നിലുണ്ട്.

കേസില്‍ ആരോപണ വിധേയരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അധ്യാപകരെ ക്രൈം ബ്രാഞ്ച് സംഘം രണ്ട് തവണ ചോദ്യം ചെയ്തു. ഫാത്തിമയുടെ മാതാവ്, സഹോദരി, സഹപാഠികള്‍ എന്നിവരില്‍ നിന്നും വരും ദിവസങ്ങളില്‍ മൊഴിയെടുക്കും.

തന്റെ മരണത്തിന് കാരണം സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകനാണെന്ന് ഫാത്തിമ മൊബൈല്‍ ഫോണില്‍ കുറിച്ചിരുന്നു. ഫൊറന്‍സിക് പരിശോധനയ്ക്കായി നല്‍കിയ ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ തിരികെ ലഭിച്ചിട്ടേ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളുണ്ടാകുവെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.

Positive SSL