24x7 Christian Channel

Category: Top Bar News Ticker

20-ാംമത് റീമ ദേശീയ അവാര്‍ഡ് ജോര്‍ജ് ഏബ്രഹാമിനും സി.വി വടവനയ്ക്കും

20-ാമത് റീമാ ദേശീയ അവാര്‍ഡിന് യു.എന്‍.ഒ.യുടെ മുന്‍ ചീഫ് ടെക്നോളജി ഓഫീസറും അമേരിക്കയിലെ സാംസ്കാരിക പ്രവര്‍ത്തകനും ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം ചെയര്‍മാനുമായ ജോര്‍ജ് ഏബ്രഹാം, സത്യം മിനിസ്ട്രീസ് ചെയര്‍മാനും ചാരിറ്റി പ്രവര്‍ത്തകനുമായ ഡോ. സി.വി. വടവന എന്നിവര്‍ അര്‍ഹരായി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മനുഷ്യാത്മകമായ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് ഈ അവാര്‍ഡ് നല്‍കുന്നതെന്ന് ജൂറി അംഗങ്ങളായ ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍, കിളിരൂര്‍ രാധാകൃഷ്ണന്‍, തേക്കുംകാട് ജോസഫ് എന്നിവര്‍ അറിയിച്ചു. കല്ലിശേരി സ്വദേശിയും ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ താമസിച്ച് വരുന്നതുമായ ജോര്‍ജ് ഏബ്രഹാം ഐ.പി.സി. യുടെ മുന്‍ ജനറല്‍ സെക്രട്ടറി റ്റി.എന്‍. ഏബ്രഹാമിന്‍റെ മകനാണ്. മുക്കൂര്‍ സ്വദേശിയായ ഡോ. സി.വി. വടവന,
ഡിഫറന്‍റ്ലി ഏബിള്‍ കുട്ടികള്‍ക്കായി തിരുവല്ലായില്‍ നടത്തുന്ന ജസ്റ്റിന്‍ സ്കൂളിന്‍റെ സ്ഥാപകനും ക്രിസ്ത്യന്‍ ബുക്സ് സെല്ലേഴ്സ് അസോസിയേഷന്‍ ഇന്ത്യയുടെ പ്രസിഡന്‍റുമാണ്. വികലാംഗര്‍ക്കായി ഒരുലക്ഷം വീല്‍ ചെയറുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്തിരുന്നു. ഡിസംബര്‍ 20-ാം തീയതി തിരുവല്ലായില്‍ നടക്കുന്ന റീമാ ഫൗണ്ടേഷന്‍റെ സമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് ശ്രീ. രമേശ് ചെന്നിത്തല എം.എല്‍.എ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ റവ. സി.പി. മോനായി, സെക്രട്ടറി സണ്ണി വെള്ളുവന്താനം എന്നിവര്‍ അറിയിച്ചു.

നോട്ട് അസാധുവാക്കലിന് ശേഷം വന്‍ തുക നിക്ഷേപിച്ചവര്‍ക്ക് തുകയുടെ ഉറവിടം തേടി ഐടി വകുപ്പിന്‍റെ നോട്ടീസ്

നോട്ട് അസാധുവാക്കിയതിന് ശേഷം വന്‍തുക നിക്ഷേപം നടത്തിയവര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയക്കുവാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിക്ഷേപിച്ച തുകയുടെ ഉറവിടം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയയ്ക്കുന്നത്. ബിനാമി നിയമ പ്രകാരം പതിനായിരത്തോളം പേര്‍ക്കാണ് നോട്ടീസ് അയക്കുന്നത്. ഈയാഴ്ച തന്നെ നോട്ടീസ് ലഭിച്ചു തുടങ്ങുമെന്നും തുടര്‍ന്നുള്ള ആഴ്ചകളിലും നോട്ടീസ് അയയ്ക്കല്‍ തുടരുമെന്നുമാണ് റിപ്പോര്‍ട്ട്. ഡാറ്റാ അനലിറ്റിക്സ് വഴി കണ്ടെത്തിയ നിക്ഷേപകര്‍ക്കാണ് നോട്ടീസ് അയക്കുന്നത് ബിനാമി നിയമപ്രകാരം അക്കൗണ്ട് ഉടമയും പണം ഉപേക്ഷിച്ചയാളും ഒരു പോലെ കുറ്റക്കാരാണ്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. കേരളത്തില്‍ പ്രവേശിക്കരുതെന്നും രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തി ഒപ്പിടണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബിഷപ്പിനെ കോടതിയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. കന്യാസ്ത്രീകളില്‍ 7 പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്കയ്ക്ക് ഇനി അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.