തുറന്നു കരുതലോടെ ; നിയന്ത്രണത്തിന്‌ ഡബ്ല്യുഐപിആര്‍

ടിപിആറിന് പുറമെ ‘ജനസംഖ്യാനുപാത പ്രതിവാര രോഗനിരക്ക്’ (-ഡബ്ല്യുഐപിആര്‍) കൂടി കണക്കാക്കിയാകും ഇനി കോവിഡ് നിയന്ത്രണം. ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍, വിവാഹ–-മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ എന്ന നിയന്ത്രണം തുടരും. ടിപിആര്‍ അനുസരിച്ചുള്ള നിയന്ത്രണം ഫലപ്രദമാണെന്നും പൊതുവായി ഉയര്‍ന്ന നിര്‍ദേശംകൂടി പരിഗണിച്ചാണ് കൂടുതല്‍ ഇളവ് അനുവദിക്കുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചട്ടം 300 പ്രകാരം മന്ത്രി നിയമസഭയിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.

ഉത്സവകാലമായതിനാലും മൂന്നാം തരംഗഭീഷണി നിലനില്‍ക്കുന്നതിനാലും കര്‍ശന ജാഗ്രത തുടരണം. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നുവെന്ന് സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. പൊലീസും തദ്ദേശസ്ഥാപനങ്ങളും നിയന്ത്രണത്തിന് മേല്‍നോട്ടം വഹിക്കുമെന്നും മന്ത്രി പറഞ്ഞു. മുപ്പൂട്ടില്ലാത്തിടത്ത് സര്‍ക്കാര്‍ ഓഫീസ് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കാം. കായികമുള്‍പ്പെടെ മത്സരപരീക്ഷകള്‍ നടത്താം. വിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് മാത്രം. എല്ലാ വാഹനങ്ങള്‍ക്കും ഓടാം. മുതിര്‍ന്നവരോടൊപ്പം കടയിലെത്തുന്ന കുട്ടികള്‍ക്ക് വാക്സിന്‍ നിര്‍ബന്ധമില്ല.

Article by admin