കേരളത്തിന് നേരിയ ആശ്വാസം നല്‍കി കോവിഡ് കണക്ക് ; 11 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു

കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞു വരുന്നതിന്റെ കണക്ക് പുറത്ത് വിട്ട് ആരോഗ്യ വകുപ്പ്. പതിനൊന്ന് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. ഏറ്റവും മോശം അവസ്ഥയിലായിരുന്ന മലപ്പുറത്ത് ടി പി ആര്‍ 11 ശതമാനം കുറഞ്ഞു. അതേസമയം പരിശോധനകളുടെ എണ്ണവും കുത്തനെ ഇടിഞ്ഞു.

കോവിഡ് വ്യാപനം തുടങ്ങിയതില്‍ പിന്നെയുള്ള പ്രതിവാര കണക്കുകളില്‍ ഏറ്റവും ആശ്വാസo നല്കുന്ന റിപ്പോര്‍ട്ടാണ് ഒക്ടോബര്‍-18 മുതല്‍ 24 വരെയുള്ളത്. 100 പേരെ പരിശോധിക്കുമ്ബോള്‍ 31 പേര്‍ക്ക് കോവിഡ് കണ്ടെത്തിയിരുന്ന മലപ്പുറത്ത് 20 ആയി കുറഞ്ഞു. തൃശൂരില്‍ 17 ല്‍ നിന്ന് 14 ആയും കോഴിക്കോട് 13 ആയും കുറവ് രേഖപ്പെടുത്തി. എറണാകുളം, കാസര്‍കോട് ജില്ലകളില്‍ 16 ശതമാനത്തിലേറെയായിരുന്ന TPR യഥാക്രമം 14 ഉം 11 മായി കുറഞ്ഞു.

കൊല്ലം, പത്തനംതിട്ട , ആലപ്പുഴ ജില്ലകളിലാണ് TPR ല്‍ നേരിയ വര്‍ധനയുള്ളത്. ദശലക്ഷത്തില്‍ രോഗികളുടെ എണ്ണമെടുക്കുമ്ബോഴുള്ള സംസ്ഥാന ശരാശരിയും കുറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ 1766 ആയിരുന്ന നിരക്ക് 1497 ആയി താഴ്ന്നു. ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലും കേസ് പെര്‍ മില്യണില്‍ കുറവുണ്ട്. രോഗികളുടെ എണ്ണം ഇരട്ടിക്കാന്‍ എടുക്കുന്ന ദിവസങ്ങള്‍ കൂടിയതും രോഗവ്യാപനം കുറയുന്നതിന്റെ സൂചനയായി ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. എന്നാല്‍ പരിശോധനകളുടെ എണ്ണം വളരെ കുറവാണെന്നും ഉയര്‍ന്ന പരിശോധന നടക്കുമ്ബോള്‍ രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയാല്‍ മാത്രമേ ആശ്വസിക്കാനാകൂ എന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.

ആകെ രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. പ്രതിദിനം ഇരുപതിനും ഇരുപത്തഞ്ചിനുമിടയില്‍ കോവിഡ് മരണങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. യഥാര്‍ഥ മരണക്കണക്ക് ഇരട്ടിയിലേറെയാണെന്നതും ആശങ്ക പരത്തുന്നുണ്ട്.

Article by admin