റെഡ് സോണായി പ്രഖ്യാപിച്ചതോടെ ഇറ്റലിക്കാര്‍ ഭൂരിഭാഗവും വീട്ടിനുള്ളില്‍

വൈറസ് ബാധിച്ച്‌ ഒറ്റദിവസത്തിനിടെ 96 പേര്‍കൂടി മരിച്ചതോടെ ഇറ്റലിയില്‍ രാജ്യവ്യാപക യാത്രവിലക്ക്. ചൈനയ്ക്കുപുറത്ത് ഏറ്റവുമധികം രോഗബാധയും ((9172) മരണവും (463) ഇറ്റലിയിലാണ്. ഇവിടെ കുടുങ്ങിയ മലയാളികളുടെ അങ്കലാപ്പിന് കാരണവും ഈ കണക്കുകളാണ്. അതിവേഗതയിലാണ് രോഗം ഇവിടെ പടര്‍ന്ന് പിടിക്കുന്നത്. എന്നാല്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് മുമ്ബില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ വിലങ്ങു തടിയാകുന്നു. അങ്ങനെ അവര്‍ വലിയ പ്രതിസന്ധിയിലുമാകുന്നു. അതിവേഗ പരിഹാരം ഉണ്ടാക്കുമെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല.

റെഡ് സോണായി പ്രഖ്യാപിച്ചതോടെ ഇറ്റലിയില്‍ ഭൂരിഭാഗം പേരും വീടുകളില്‍ തന്നെ തുടരുകയാണ്. ഷോപ്പിങ് സെന്ററുകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍, അവിടെ ക്യൂവില്‍ നിര്‍ത്തി ഒരു സമയം ഒരാളെയാണു കടയിലേക്കു പ്രവേശിപ്പിക്കുന്നത്. മറ്റു കടകള്‍, ബാറുകള്‍, റസ്റ്ററന്റുകള്‍ എന്നിവയെല്ലാം അടഞ്ഞു കിടക്കുന്നു. അതുകൊണ്ട് തന്നെ ഇന്ത്യക്കാര്‍ നാട്ടിലേക്കു മടങ്ങാന്‍ തിടുക്കം കൂട്ടുന്നുണ്ട്. ഇറ്റലിയിലെ ആരോഗ്യ രംഗം പൊതുമേഖലയിലായതിനാല്‍ ചികിത്സയില്‍ ആളുകള്‍ക്ക് വിശ്വാസവുമില്ല. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം ഇവിടെ എത്തി ചികിത്സ നല്‍കുകയെന്നതാണു പ്രവാസികളുടെ ഏറ്റവും വലിയ ആവശ്യം.

Article by admin