24x7 Christian Channel

Author: admin

യിസ്രായേലിനെതിരെ കടുത്ത വിവേചനം; യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്മാറി; പേരിനോളം മൂല്യമുള്ളതല്ല കൗണ്‍സിലെന്നും അമേരിക്കയുടെ ആരോപണം

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്മാറി. മനുഷ്യാവകാശ കൗണ്‍സിലില്‍ മാറ്റങ്ങള്‍ അനിവാാര്യമാണെന്നും ഇക്കാര്യം പലപ്രാവശ്യം കൗണ്‍സിലിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് പിന്മാറ്റമെന്നും ഐക്യരാഷ്ട്ര സഭയിലെ യുഎന്‍ സ്ഥാനാപതി നിക്കി ഹാലെ പറഞ്ഞു. പേരിനോളം മൂല്യമുള്ളതല്ല സംഘടനയെന്നും അവര്‍ ആരോപിച്ചു. യിസ്രായേലിനോടുള്ള യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്‍റെ വിവേചനപരമായ നടപടികളാണ് അമേരിക്കയെ ചൊടിപ്പിച്ചതെന്നാണ് വിവരം. മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്ന ക്യൂബ, വെനസ്വേല പോലുള്ള അനവധി രാജ്യങ്ങളുള്ളപ്പോള്‍ അവയെ കണ്ടില്ലെന്ന് നടിച്ച് യിസ്രായേലിനെതിരെ മാത്രമാണ് കൗണ്‍സില്‍ നിരന്തരമായി നടപടിയെടുക്കുന്നതെന്നും അമേരിക്ക കുറ്റപ്പെടുത്തി. മനുഷ്യാവകാശ ലംഘനങ്ങളെ വളരെ ദുര്‍ബലമായ രീതിയില്‍ പ്രതിരോധിക്കുന്ന നടപടിയാണ് കൗണ്‍സില്‍ കൈക്കൊള്ളുന്നതെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയും പ്രതികരിച്ചു.

കേരളത്തിലെ ദി പെന്തക്കോസ്തു മിഷന്‍ സഭകളുടെ സംസ്ഥാന ശുശ്രൂഷക സമ്മേളനം ആരംഭിച്ചു

കേരളത്തിലെ ദി പെന്തക്കോസ്തു മിഷന്‍ സഭകളുടെ സംസ്ഥാന ശുശ്രൂഷക സമ്മേളനം ആരംഭിച്ചു. തിരുവല്ല, കൊട്ടാരക്കര, എറണാകുളം എന്നീ 3 മേഘലകളിലായിട്ടാണ് ഇത്തവണ ശുശ്രൂഷകസമ്മേളനം നടക്കുന്നത്. ജൂണ്‍ 18 തിരുവല്ല സെന്‍റര്‍ സഭാ ഹാളില്‍ ശുശ്രൂഷക സമ്മേളനം ആരംഭിച്ചു. കോട്ടയം,റാന്നി, തിരുവല്ല,കട്ടപ്പന എന്നീ സെന്‍ററുകളിലെ ശുശ്രൂഷകരാണ് തിരുവല്ല സമ്മേളനത്തില്‍ പങ്കെടുത്തത്. ഇന്ന് വൈകിട്ട് സമാപിച്ചു. തിരുവനന്തപുരം, കൊട്ടാരക്കര, പത്തനംതിട്ട, പുനലൂര്‍ സെന്‍ററുകളിലെ ശുശ്രൂഷകര്‍ക്ക് വേണ്ടിയുള്ള സമ്മേളനം ഇന്ന് കൊട്ടാരക്കര സെന്‍റര്‍ സഭാഹാളില്‍ ആരംഭിച്ചു. 22 ന് സമാപിക്കും. കോഴിക്കോട്, എറണാകുളം, തൃശ്ശൂര്‍, മൂന്നാര്‍ സെന്‍ററുകളിലെ ശുശ്രൂഷകരുടെ സമ്മേളനം ഈ മാസം 25-27 വരെ എറണാകുളം സെന്‍റര്‍ സഭാഹാളില്‍ നടക്കും. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ശുശ്രൂഷകര്‍ ഈ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നു.

ആര്‍ബിഐ നിരക്ക് വര്‍ദ്ധന: ചെറു നിക്ഷേപ പദ്ധതികളുടേ പലിശ വര്‍ദ്ധിപ്പിക്കാന്‍ സാധ്യത; ബാങ്കുകള്‍ വായ്പാ പലിശയും ഉയര്‍ത്തി തുടങ്ങി

ആര്‍ബിഐ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ മാസങ്ങളായി തുടര്‍ച്ചയായി കുറഞ്ഞ് കൊണ്ടിരുന്ന ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കൂട്ടാന്‍ സാധ്യതയെന്ന് സുചനയുയരുന്നു. എന്‍എസ്സി, കിസാന്‍ വികാസ് പത്ര, പോസ്റ്റ് ഓഫീസ് ടൈം ടെപ്പോസിറ്റുകള്‍, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം, പിപിഎഫ്, സുകന്യ സമൃദ്ധി തുടങ്ങിയവയുടെ പലിശ നിരക്കാണ് വര്‍ദ്ധിക്കാന്‍ സാധ്യതയുയരുന്നത്. വിവിധ നിക്ഷേപ പദ്ധതികളുടെ സമാന കാലവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായ നിരക്കുമായി ബന്ധപ്പെടുത്തിയാണ് ചെറുനിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്കരിച്ച് വരുന്നത്. രാജ്യത്തെ പൊതുമേഘലാ-സ്വകാര്യ ബാങ്കുകള്‍ നിക്ഷേപ പലിശ വര്‍ദ്ധിപ്പിച്ച് തുടങ്ങി. നിലവില്‍ നേരിയ തോതിലാണ് പലിശ വര്‍ദ്ധനവെങ്കിലും താമസിയാതെ നിരക്ക് വര്‍ദ്ധന തുടരുമെന്ന് തന്നെയാണ് സൂചന. അപ്പോള്‍ തന്നെ ആര്‍ബിഐ ,നിരക്ക് ഉയര്‍ത്തിയതോടെ കൂടുതല്‍ ബാങ്കുകള്‍ വായ്പാ പലിശയും വര്‍ദ്ധിപ്പിച്ച് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തെ കാലാവധിയുള്ള മാര്‍ജിനില്‍ കോസ്റ്റ് ഓഫ് ലെന്‍റിംഗ് പ്രകാരമുള്ള പലിശ 8.5 ശതമാനത്തില്‍ നിന്ന് ആക്സിസ് ബാങ്ക് 8.6 ശതമാനമാക്കി. മറ്റ് ചില ബാങ്കുകള്‍ 8.55 ശതമാനമായാണ് പരിഷ്കരിച്ചത്. ഒപ്പം സ്ഥിര നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്.

നിപ്പ ഭീതിയൊഴിഞ്ഞു; കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ നീക്കി

കേരളത്തെ ആശങ്കയിലാഴ്ത്തിയ നിപ്പ വൈറസിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം യുഎഇ നീക്കി. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം നിപ്പ രോഗബാധ ശമിച്ചുയെന്ന് റിപ്പോര്‍ട്ടുകള്‍ ഉറപ്പായതിനെ തുടര്‍ന്നാണ് തീരുമാനം എടുത്തതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അത്യാവശ്യമല്ലാത്തവര്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കഴിഞ്ഞ മേയ് 24ന് ആണ് യുഎഇ ആരോഗ്യ മന്ദ്രാലയം ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. നിപ്പ വൈറസിന്‍റെ ലക്ഷണങ്ങളുമായി എത്തുന്നവര്‍ ഉണ്ടോയെന്ന് നിരീക്ഷിക്കണമെന്ന് 30 വിമാനതാവള അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.

പാസ്റ്റര്‍ ജിജി ചാക്കോ ടൊറന്‍റോ, നിത്യതയില്‍ ചേര്‍ക്കപ്പെട്ടു

കാനഡയിലെ ടൊറന്‍റോ ഹെബ്രോന്‍ പെന്തക്കോസ്തല്‍ ചര്‍ച്ച് ശുശ്രൂഷകനും എഴുത്ത്കാരനുമായ പാസ്റ്റര്‍ ജിജി ചാക്കോ കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടോറന്‍റോയിലെ ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ഇദേഹം ജൂണ്‍ 18ന് രാത്രി 9.22ന് നിത്യതയില്‍ ചേര്‍ക്കപ്പെടുകയായിരുന്നു. സെക്കുലര്‍ വിദ്യാഭ്യാസ രംഗത്തും വേദശാസ്ത്ര രംഗത്തും ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള പാസ്റ്റര്‍ ജിജി, കാനഡയില്‍ എത്തിയ ശേഷം സയോണ്‍ ഗോസ്പല്‍ അംസംബ്ലിയുടെ ശുശ്രൂഷകനായും പ്രവര്‍ത്തിച്ചിരുന്നു. സംസ്കാരം പിന്നീട് നടക്കും.

ജമ്മുകാശ്മീരില്‍ രാഷ്ട്രീയ പ്രതിസന്ധി; സര്‍ക്കാര്‍ വീണു; മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജി വച്ചു

ജമ്മൂകാശ്മീര്‍ ഭരണസഖ്യത്തില്‍ നിന്ന് ബിജെപി പിന്മാറി. ഇതോടെ സര്‍ക്കാര്‍ വീണു. മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജി വച്ചു. പിഡിപിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറുന്നതായി ബിജെപി പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയാണ് സഖ്യസര്‍ക്കാരില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട മുഖ്യമന്ത്രി രാജി വച്ചത്. കഠ്വ സംഭവത്തിന് ശേഷം ഇരുപാര്‍ട്ടികളും തമ്മില്‍ ഉടലെടുത്ത രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ ഏറുകയായിരുന്നു. റംസാന്‍ മാസത്തില്‍ കേന്ദ്രസര്‍ക്കര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നോമ്പുകാലം അവസാനിച്ചതിന് തൊട്ട് പിന്നാലെ റദ്ദാക്കിയതും അകല്‍ച്ചയ്ക്ക് കാരണമായി പറയപ്പെടുന്നു. 2014ല്‍ ആണ് ജമ്മുകാശ്മീരില്‍ പിഡിപി -ബിജെപി സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. മുഫ്തി സര്‍ക്കാരിന്‍റെ പതനത്തോടെ കാശ്മീരില്‍ ഗവര്‍ണ്ണര്‍ ഭരണത്തിനുള്ള സാധ്യത ഏറിയിരിക്കുകയാണ്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസാ ഇളവില്ല; ബ്രിട്ടനെതിരെ ശക്തമായ പ്രതിഷേധം

വളരെ എളുപ്പത്തില്‍ വിസ ലഭ്യമാക്കുന്ന പട്ടികയില്‍ നിന്ന് ബ്രിട്ടന്‍, ഇന്ത്യ വിദ്യാര്‍ത്ഥികളെ ഒഴിവാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കുടിയേറ്റ നയത്തില്‍ മാറ്റങ്ങള്‍ വരുത്തിയതിന്‍റ ഭാഗമായാണ് ടയര്‍ 4 .വിസ കാറ്റഗറിയിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റ് ഭേദഗതി വരുത്തിയത്. അമേരിക്ക, കാനഡ, ന്യൂസിലന്‍ര് എന്നീ രാജ്യങ്ങളായിരുന്നു ബ്രിട്ടന്‍റെ ടയര്‍ 4 ഫോര്‍ വിസ പട്ടികയില്‍ മുമ്പുണ്ടായിരുന്നത്. ഇതോടൊപ്പം ചൈന ബഹറിന്‍, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളേയും ഇക്കുറി ഉള്‍പ്പെടുത്തി. എന്നാല്‍ ബ്രിട്ടനുമായി മികച്ച സഹകരണം പുലര്‍ത്തുന്ന ഇന്ത്യയെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ബ്രിട്ടനിലേക്ക് ഉന്നതപഠനത്തിന് എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. പ്രത്യേക പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ വിസ ലഭിക്കുന്നതിന് പല ഇളവുകളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. വിദ്യാഭ്യാസ പരവും സാമ്പത്തികപരവും ഇംഗ്ലീഷ് ,നിപുണതയും സംബന്ധിച്ച് വലിയ നിബന്ധനകള്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വരികയില്ലായിരുന്നു. എന്നാല്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസാ കടമ്പ പ്രയാസമേറിയതാകും

കാലവര്‍ഷം; ഇതുവരെ മരണം 56, നഷ്ടം 80 കോടി

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതിനെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും വിവിധ അപകടങ്ങളിലുമായി 56 മരിച്ചതായി റിപ്പോര്‍ട്ട്. കോഴിക്കോട് കട്ടിപ്പാറയിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 13 ആയി. ഇതു കൂടാതെ മണിടിഞ്ഞും മരം വീണും മഴ മൂലമുള്ള മറ്റ് അപകടങ്ങളിലും പരക്കേറ്റവരും അനവധിയാണ്. കാലവര്‍ഷ കെടുതിയില്‍ ഇന്നലെ വരെ സംസ്ഥാനത്താകെ 79.87 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. 7264.16 ഹെക്ടറിലെ കൃഷി നശിച്ചു. കൃഷി നാശത്തില്‍ 71.39 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഇതുവരെ 235 വീടുകള്‍ പൂര്‍ണ്ണമായും 5022 വീടുകള്‍ ഭാഗീകമായും തകര്‍ന്നതായാണ് റിപ്പോര്‍ട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി തുറന്ന 115 ക്യാമ്പുകളിലായി 23303 പേരേ താമസിപ്പിച്ചിരിക്കുന്നതായാണ് വിവരം. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍. 5 ദിവസം കൂടെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പ്രാഥമിക കണക്കെടുപ്പുകള്‍ മാത്രമേ ഇതുവരെ പൂര്‍ത്തിയായിട്ടുള്ളു. കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ നാശനഷ്ടത്തിന്‍റെ കണക്ക് ഇനിയും ഉയരാനാണ് സാധ്യത.

കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക് ബസ് പരീക്ഷണ ഓട്ടം ആരംഭിച്ചു

കെഎസ്ആര്‍ടിസിയുടെ നൂതനസംരംഭമായ ഇലട്രിക് ബസ് പരീക്ഷണ ഓട്ടം ആരംഭിച്ചു. ഇന്ന് രാവിലെ 11ന് തിരുവനന്തപുരം സെന്‍ട്രല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ നിന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്തതോടെയാണ് കേരളത്തിലെ ആദ്യത്തെ ഇലക്ടിക് ബസിന്‍റെ പരീക്ഷണയോട്ടം ആരംഭിച്ചത്. തമ്പാനൂരില്‍ നിന്ന് പട്ടം ,മെഡിക്കല്‍ കോളേജ് വഴി കഴക്കൂട്ടം വരെയായിരുന്നു ഇലക്ട്രിക് ബസിന്‍റെ ആദ്യ സര്‍വ്വീസ്. പരീക്ഷണയോട്ടം 5 ദിവസം തിരുവനന്തപുരത്തും പിന്നീട് 5 ദിവസം വീതം എറണാകുളം കോഴിക്കോട് നഗരങ്ങളിലും നടത്തും. സിറ്റി എസി ലോ ഫ്ലോര്‍ ബസുകളുടെ നിരക്കാകും ഈടാക്കുക. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 350 കി.മി ഓടാന്‍ ശേഷിയുള്ള ബസിന്‍റെ ചാര്‍ജ്ജിംഗ് സമയം 5 മണിക്കുറാണ്. 35 സീറ്റുള്ള ബസിന് ചാര്‍ജ് ചെയ്യാനുള്ള താത്ക്കാലിക സംവിധാനം അതത് ഡിപ്പോകളില്‍ ഒരുക്കും. ബസിന് രണ്ടര കോടി രൂപയാണ് ചെലവ്. പരീക്ഷണ ഓട്ടം വിജയിച്ചാല്‍ ഘട്ടം ഘട്ടമായി 300 പുതിയ ബസുകള്‍ നിരത്തിലിറക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. നിലവില്‍ ,ഹിമാചല്‍ പ്രദേശ്, തെലുങ്കാന, കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഇലക്ടിക് ബസ് ഓടുന്നുണ്ട്.

പെഷവാര്‍,മലാല സംഭവങ്ങളുടെ സൂത്രധാരനായ ഭീകരനെ വധിച്ചതായി റിപ്പോര്‍ട്ട്

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി പ്രചരണം നടത്തിയതിന് മലാല യുസഫ് സായിയെ വധിക്കാന്‍ ഉത്തരവിട്ട താലിബാന്‍ ഭീകരന്‍ മൗലാന ഫസലുള്ള അഫ്ഗാനില്‍ വധിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎസ് സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇയാളോടൊപ്പം തെഹരീക് ഈ താലിബാന്‍റെ മറ്റ് 4 നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ വോയ്സ് ഓഫ് അമേരിക്കയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഈസ്റ്റേണ്‍ കുനാര്‍ പ്രവിശ്യയില്‍ വച്ചാണ് ഭീകരവാദി നേതാവ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. പെഷവാര്‍ ആര്‍മി പബ്ളിക് സ്കൂളില്‍ 151 പേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പ്പ് അടക്കമുള്ളതിന് നേതൃത്വം നല്‍കിയത് മൗലാന ഫസലുള്ളയായിരുന്നുവത്രെ. പെണ്‍കുട്ടികളെ സ്കൂളിലയക്കണമെന്നും അവരെ വിദ്യാഭ്യാസം ചെയ്യിക്കണമെന്നും മലാല യുസഫ് സായി ധീരമായി ധീരമായി പ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്നാണ് മലാലയ്ക്ക് നേരെ ആക്രമണമുണ്ടായത്.