മഴ വീണ്ടും ശക്തി പ്രാപിക്കുന്നു; വയനാടും കോഴിക്കോടും ദുരിതത്തില്‍; ഒരാളെ തോട്ടില്‍ വീണു കാണാതെയായി; 444 വില്ലേജുകളെ ദുരന്തബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു

മഴയും കാറ്റും വീണ്ടും ശക്തമായതോടെ വയനാടന്‍ ജില്ലയും കോഴിക്കോടന്‍ മലയോര പ്രദേശങ്ങളും വീണ്ടും ആശങ്കയിലായി. വയനാട് മക്കിമലയില്‍ വീണ്ടും ഉരുള്‍ പൊട്ടി. തലപ്പുഴയ്ക്കടുത്ത് കമ്പി പാലത്ത് മരിച്ചയാളുടെ വീട്ടിലെത്തിയ ഒരാളെ തോട്ടില്‍ വീണു കാണാതെയായി. ഇന്നലെ രാവിലെയായിരുന്നു അപകടം. തെരച്ചില്‍ തുടരുകയാണ്. മഴ കുറഞ്ഞതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് പലരും വീട് വൃത്തിയാക്കാന്‍ വീടുകളിലേക്ക് തിരിച്ചെത്തിയെങ്കിലും മഴ പൂര്‍വ്വാധികം ശക്തി പ്രാപിച്ചതോടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മടങ്ങേണ്ട സാഹചര്യമാണ്. തോടുകളും പുഴകളും കരകവിഞ്ഞൊഴുകുകയാണ്. മഴക്കെടുതി മൂലം സംസ്ഥാനത്തെ 444 വില്ലേജുകളെ സര്‍ക്കാര്‍ ദുരന്തബാധിതമായി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തിലധികം വെള്ളം യകെട്ടി നിന്ന വീടുകള്‍ പുനരുദ്ധരിക്കുവാന്‍ സര്‍ക്കാര്‍ 10000 രൂപ സഹായധനം നല്‍കും. പൂര്‍ണ്ണമായി വീട് തകര്‍ന്നവര്‍ക്ക് 4 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കും. ഉരുള്‍ പൊട്ടല്‍ മൂലമുള്ള ദുരന്തങ്ങള്‍ കാരണം സ്വന്തം ഭൂമിയില്ലാതായവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് സെന്‍റ് വരെ വാങ്ങുന്നതിന് 6 ലക്ഷം രൂപയും ഇവര്‍ക്ക് വീട് വയ്ക്കാന്‍ 4 ലക്ഷം രൂപ അധികമായും അനുവദിക്കുമെന്ന് മുഖ്യ മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന ദുരിതാശ്വാസ തുകകള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആളുകള്‍ നല്‍കുന്ന സംഭാവനകള്‍ക്കും കമ്മീഷന്‍ ഈടാക്കരുതെന്ന് ബാങ്കിംഗ് സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെടും. പ്രളയത്തില്‍ രേഖകള്‍ നഷ്ടമായവര്‍ക്ക് പുതിയ രേഖകള്‍ ലഭിക്കുന്നതിന് ഫീസ് ഒഴിവാക്കും. രേഖകള്‍ നല്‍കുന്നതിന് പുതിയ വകുപ്പുകളെ ഏകോപിപ്പിച്ച് സെപ്റ്രംബര്‍ 3 മുതല്‍ 15 വെരെ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രിസഭാ യോഗത്തിന്ശേഷം മുഖ്യ മന്ത്രി അറിയിച്ചു

Article by admin