യുഎസില്‍ സെപ്റ്റംബര്‍ 11 ഭീകരാക്രമണം 10000 ത്തോളം ആളുകളെ അര്‍ബുദ രോഗികളാക്കിയെന്ന് റിപ്പോര്‍ട്ട്

യുഎസില്‍ 2001 സെപ്റ്റംബര്‍ 11ന് അല്‍ക്വയ്ദ ഭീകരര്‍ നടത്തിയ ഭീകരാക്രമണം അര്‍ബുദ രോഗികളാക്കിയത് പതിനായിരത്തോളം ,ആളുകളെയാണെന്ന് റിപ്പോര്‍ട്ട്. ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ വിഷ ലിപ്തമായ പുകയും പൊടിയും ശ്വസിച്ചതാണ് ഇവരില്‍ അര്‍ബുദത്തിന് കാരണമായത്. ആക്രമണത്തിന് ശേഷം ആദ്യം സ്ഥലത്തെത്തിയ തൊഴിലാളികള്‍, നഗരവാസികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ 9795 പേര്‍ക്ക് ഇതുവരെ അര്‍ബുദം സ്ഥിരീകരിച്ചതായി ഫെഡറല്‍ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ഹെല്‍ത്ത് പ്രോഗ്രാം പുറത്ത് വിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരില്‍ 1700 പേര്‍ ഇതിനകം മരിച്ചു. ഇതില്‍ 420 പേരുടെ മരണകാരണവും അര്‍ബുദമായിരുന്നു. 2016 ല്‍ 8188 പേരാണ് ഈ സംഭവത്തിലൂടെ അര്‍ബുദ ബാധിതരായത്. ഫെഡറല്‍ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ഹെല്‍ത്ത് സര്‍വ്വിസിന്‍റെ .നിരീക്ഷണമാണ് പിന്നീട് സ്ഥിരീകരണത്തിലെത്തിയത്. 2013 മുതലാണ് വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിലൂടെ അര്‍ബുദം ബാധിച്ചവരുടെ കണക്കെടുക്കുവാന്‍ ആരംഭിച്ചത്. ആക്രമണത്തെ അതിജീവിച്ചവരുടേയും അന്ന് രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരുടേയും എണ്ണം ചുരുങ്ങി വരികയാണെന്ന് ഭീകരാക്രമണം മൂലം കഷ്ടം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി നിലകൊള്ളുന്ന സംഘടനയുടെ വക്താവ് ജോണ്‍ ഫീല്‍ പറയുന്നു.

Article by admin