ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരിലും എടിഎമ്മില്‍നിന്നു നിശ്ചിത തവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചതിന്റെ പേരിലും പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ ഇടപാടുകാരില്‍നിന്ന് ഈടാക്കിയത് പതിനായിരം കോടിയിലേറെ രൂപ. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖയിലാണു ബാങ്കുകള്‍ വന്‍തുക പിഴ ഈടാക്കിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. സ്വകാര്യ ബാങ്കുകള്‍ ഈടാക്കിയ തുകയുടെ കണക്ക് രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മിനിമം ബാലന്‍സ് ഇല്ലാത്തതിന് 6246 കോടിയും എടിഎം അധിക ഇടപാടുകള്‍ക്ക് 4145 കോടി രൂപയുമാണ് ഈടാക്കിയിരിക്കുന്നത് രണ്ടിനത്തിലും ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയിരിക്കുന്നത് എസ്ബിടി തന്നെയാണ്.
മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ ഇടപാടുകാരില്‍നിന്ന് 2894 കോടി രൂപയാണ് എസ്ബിടി പിഴ ഈടാക്കിയത് മിനിമം ബാലന്‍സ് ഇല്ലാത്തതിനു 2012 വരെ പിഴ ഈടാക്കിയിരുന്ന എസ്ബിടി പിന്നീട് അതു നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ 2017 ഏപ്രില്‍ 1 മുതല്‍ വീണ്ടും ഈടാക്കി തുടങ്ങി. പഞ്ചാബ് നാഷണല്‍ ബാങ്ക്-493 കോടി, കാനറാ ബാങ്ക് – 352 കോടി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ – 348കോടി, ബാങ്ക് ഓഫ് ബറോഡ – 328 കോടി എന്നിങ്ങനെയാണ് ഈടാക്കിയിരിക്കുന്നത്.
ലോക്സഭാ എംപി ദിബ്യേന്തു അധികാരിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ധനകാര്യമന്ത്രാലയം ഇക്കാര്യം പുറത്തുവിട്ടത്. ബാങ്കുകള്‍ക്ക് സര്‍വീസ് ചാര്‍ജുകള്‍ ചുമത്താന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു.