കോഴിക്കോട് ഉരുള്‍പൊട്ടലില്‍ 5 മരണം; 13 പേരെ കാണാതായി

ഇന്നലെ രാത്രി മുതല്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ കോഴിക്കോട് മലയോര മേഘലയില്‍ പലയിടത്തും ഉരുള്‍ പൊട്ടി. കരിഞ്ചോലയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. 13 പേരെ കാണാതായിട്ടുണ്ട്. മരിച്ചവരില്‍ 3 പേരും കുട്ടികളാണ്. നാല് വീടുകളും ഇവിടെ ഒലിച്ച് പോയി. 48 അംഗ കേന്ദ്ര ദുരന്തനിവാരണ സേന കോഴിക്കോട്ടെത്തി.കരിഞ്ചോലയില്‍ വീടിനുള്ളില്‍ കുടുങ്ങിപ്പോയ 9 വയസുകാരി ദില്‍ന, 4 വയസുകാരന്‍ സഹോദരന്‍ ജാസിം, ഷഹബാസ്, അബ്ദു റഹിമാന്‍ എന്നിവരടക്കം 5 പേരാണ് മരിച്ചത്. പുലര്‍ച്ചെ നാല് മണിയോടെയാണ് ഉരുള്‍ പൊട്ടലുണ്ടാത്. മലമുകളില്‍ സ്വകാര്യ വ്യക്തി സ്ഥാപിച്ചിരുന്ന തടയണ തകര്‍ന്നതാണ് ഈ മേഘലയില്‍ കനത്ത നാശനഷ്ടത്തിന് കാരണമായത്. കരിഞോലയിലെ ഹസന്‍ എന്നയാളുടെ ഭവനത്തിലെ 7 പേരെയും അബ്ദു റഹിമാന്‍റെ കുടുംബത്തിലെ 4 പേരും അടക്കമുള്ളവരേയാണ് കാണാതായിട്ടുള്ളത്. അനവധി വീടുകളും തകര്‍ന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 5 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. കക്കയം മേഘലയിലാണ് ഉരുള്‍ പൊട്ടല്‍ കൂടുതലുണ്ടായത്. തിരുവമ്പാടിയും ഒറ്റപ്പെട്ടിരിക്കുകയാണ്. തൃശ്രൂരിലെ പെരിങ്ങല്‍കുത്ത് ഡാം, പാലക്കാട് മംഗലം ഡാം, കക്കയം ഡാമും തുറന്ന് വിട്ടതായി അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്ത് നെയ്യാര്‍ അണക്കെട്ടിലേയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്, പാലക്കാട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളില്‍ പൂര്‍ണ്ണമായും ചില ജില്ലകളില്‍ ഭാഗീകമായും കളക്ടര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 18 വരെ സംസ്ഥാനത്ത് ശക്തമായതോ അതിശക്തമായതോ ആയിട്ടുള്ള മഴയ്ക്ക് സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്.

Article by admin