എന്‍ആര്‍ഐ വിവാഹങ്ങള്‍ ഒരാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്രം, നിയമഭേദഗതിക്കും തയാറെടുപ്പ്

എന്‍ ആര്‍ ഐക്കാര്‍ ഇന്ത്യയില്‍ വിവാഹം കഴിച്ചാല്‍ അത് ഒരാഴ്ച്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണമെന്നും പാസ്പോര്‍ട്ടില്‍ വിവാഹം നടന്ന വിവരം നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍. എന്‍ആര്‍ഐ ഭര്‍ത്തക്കന്മാര്‍ ഭാര്യമാരെ ഉപേക്ഷിക്കുന്നത് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മന്ത്രി തല തീരുമാനം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ പാസ്പ്പോര്‍ട്ട് അസാധുവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് വേണ്ടി പാസ്പോര്‍ട്ട് ,നിയമത്തില്‍ അടിയന്തിര ഭേദഗതികള്‍ കൊണ്ട് വന്നേക്കും. പഞ്ചാബ് ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ ഈ നിയമം നിലവിലുണ്ട്. എന്‍ആര്‍ഐ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ഉപേക്ഷിക്കുന്നത് തടയാന്‍ നിയമം കൊണ്ട് വരാന്‍ കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാനലിനെ നിയോഗിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഇതിന് വേണ്ടി നിയോഗിക്കപ്പെട്ട വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി അടക്കമുള്ള പാനല്‍ പ്രത്യേക യോഗം ചേരുകയും നിയമഭേദഗതികള്‍ക്കായുള്ള കരട് തയാറാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. 2015 വരെ ഇന്ത്യന്‍ വനിതകളില്‍ നിന്ന് ഇത്തരത്തില്‍ 3328 പരാതികള്‍ ഭര്‍ത്താക്കന്മാര്‍ക്കെതിരെ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വി.കെ സിങ്ങ് കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്‍റില്‍ പറഞ്ഞിരുന്നു.

Article by admin